ആമുഖ പ്രാര്‍ത്ഥന
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ, കർത്താവേ, നീചമനുഷ്യരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലാത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായി ജപമാല അര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടുകൂടി ചെയ്ത് പലവിചാരം കൂടാതെ നിറവേറ്റുവാന്‍ കര്‍ത്താവെ സഹായം ചെയ്യണമേ.
വിശ്വാസപ്രമാണം
സര്‍വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്ന് പിറന്നു. പോന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ചു കുരിശിന്മേല്‍ തറക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി സര്‍വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.
ആമേന്‍
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായിത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ളവളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രിത്വ.
…………………………………
ഓരോ രഹസ്യത്തിന് ശേഷവും ചൊല്ലേണ്ട ഫാത്തിമ ജപം
ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ .നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ . എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളേയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.
…………………………………
സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ (തിങ്കൾ ,ശനി )
1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
2 .ഏലീശ്വാമ്മ ഗർഭിണിയായ വാർത്ത കേട്ടപ്പോൾ, പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രൂഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
3 .പരിശുദ്ധ കന്യകാ മറിയം, തന്‍റെ ദിവ്യകുമാരനെ ബെത്ലഹം നഗരിയിൽ, കാലികളുടെ സങ്കേതമായിരുന്ന ഒരു ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
4 . പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരന്‍ ജനിച്ച് നാല്‍പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ച വെച്ച് ദൈവത്തിന് സമർപ്പിച്ച്, ശിമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നതിന്മേല്‍ നമുക്കു ധ്യാനിക്കാം
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
5 .പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോൾ, അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1 സ്വർഗ്ഗ . 10 നന്മ .1 ത്രി
പ്രകാശത്തിന്‍റെ ദിവ്യ രഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ )
1.നമ്മുടെ കർത്താവീശോമിശിഹാ യോർദ്ദാൻ നദിയിൽവച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്നതിനെയോർത്ത് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
2.നമ്മുടെ കർത്താവീശോമിശിഹാ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം കാനായിലെ വിവാഹവിരുന്നിൽവെച്ച് വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുതത്തെയോർത്ത് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
3.നമ്മുടെ കർത്താവീശോമിശിഹാ കാലത്തിന്‍റെ തികവില്‍ ദൈവരാജ്യ പ്രഘോഷണം നടത്തി മനുഷ്യകുലത്തെ അനുതാപത്തിലേക്ക് ക്ഷണിച്ചതിനെയോര്‍ത്ത് ധ്യാനിക്കാം 1സ്വർഗ്ഗ .10നന്മ .1ത്രി
4. നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യർക്കു തന്‍റെ രൂപാന്തരീകരണത്തിൽകൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1ത്രി
5. നമ്മുടെ കർത്താവീശോമിശിഹാ തന്‍റെ അന്ത്യഅത്താഴവേളയിൽ അപ്പവും വീഞ്ഞും കയ്യിലെടുത്ത്, തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി, തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെയോർത്ത് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
ദു :ഖകരമായ ദിവ്യരഹസ്യങ്ങൾ (ചൊവ്വ ,വെള്ളി )
1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം.
1 സ്വർഗ്ഗ . 10 നന്മ .1 ത്രി
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1ത്രി
3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1ത്രീ
4. നമ്മുടെ കർത്താവീശോമിശിഹാ തന്‍റെ തിരുത്തോളിന്മേല്‍ കുരിശും വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1 ത്രീ
5.നമ്മുടെ കർത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേല്‍ തറക്കപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1 ത്രി
മഹത്വത്തിന്‍റെ ദിവ്യ രഹസ്യങ്ങള്‍ ( ബുധൻ ,ഞായർ )
1.നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1ത്രി
2.നമ്മുടെ കർത്താവീശോമിശിഹാ ഉയർപ്പിനുശേഷം നാല്‍പതാം ദിവസം സ്വർഗാരോഹണം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
3. പെന്തക്കുസ്ത തിരുനാൾ ദിവസം പരി . കന്യകാമറിയവും ശിഷ്യന്മാരും സെഹിയോന്‍ മാളികയില്‍ പ്രാര്‍ഥിച്ചിരിക്കുമ്പോള്‍ പരിശുദ്ധാത്മാവിനെ അഗ്നിനാവുകളുടെ രൂപത്തില്‍ സ്വീകരിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
1സ്വർഗ്ഗ .10നന്മ .1ത്രി
4.പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗാരോപിതയായി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
5.പരിശുദ്ധ കന്യകാമറിയം തന്‍റെ തിരുക്കുമാരനാല്‍ സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയർത്തപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം
1സ്വർഗ്ഗ .10നന്മ .1ത്രി
ജപമാല സമർപ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ, ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ, വിശുദ്ധ റഫായേലേ, മഹാത്മാവായ വിശുദ്ധ യൌസേപ്പേ, അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസെ, വിശുദ്ധ യോഹന്നാനെ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .
ആമേന്‍.
- കര്‍ത്താവേ,അനുഗ്രഹിക്കണമേ
- മിശിഹായെ,അനുഗ്രഹിക്കണമേ
- കര്‍ത്താവേ,അനുഗ്രഹിക്കണമേ
- മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
- ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളെ അനുഗ്രഹിക്കണമേ
ക്രിസ്ത്യാനികളുടെ സഹായമേ
അപ്പസ്തോലന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
കന്യകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്‍റെ രാജ്ഞി
- കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
- കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
- കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.